ഇരുവര്‍ക്കുംവേണ്ടി പരസ്പരം നിര്‍മ്മിക്കപ്പെട്ടത്
''ഞാന്‍ അദ്ദേഹത്തെ പരിപാലിക്കുന്നു. അദ്ദേഹം സന്തോഷവാനാകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്,'' സ്റ്റെല്ല പറയുന്നു. പ്രദീപ് മറുപടി പറയുന്നു, ''അവള് ചുറ്റുമുള്ളപ്പോള്‍ എനിക്ക് സന്തോഷമുണ്ട്.'' പ്രദീപും സ്റ്റെല്ലയും വിവാഹിതരായിട്ട് 79 വര്‍ഷമായി. പ്രദീപിനെ അടുത്തിടെ ഒരു നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹം വിഷാദത്തിനടിമയായി - അതിനാല്‍ സ്റ്റെല്ല അദ്ദേഹത്തെ സന്തോഷത്തോടെ വീട്ടിലേക്ക് കൊണ്ടുവന്നു. അയാള്‍ക്ക് 101 വയസ്സ്, അവള്‍ക്ക് 95 വയസ്സ്. അവള്‍ക്ക് നടക്കാന്‍ ഒരു വാക്കര്‍ ആവശ്യമാണെങ്കിലും, ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നത് പോലുള്ള കാര്യങ്ങള്‍ അവള് സ്നേഹപൂര്‍വ്വം ചെയ്യുന്നു. പക്ഷേ അവള്‍ക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. കൊച്ചുമക്കളും അയല്‍വാസികളും സ്റ്റെല്ലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ അവളെ സഹായിക്കുന്നു.
ഉല്പത്തി 2-ന്റെ ഉദാഹരണമാണ് സ്റ്റെല്ലയുടെയും പ്രദീപിന്റെയും ജീവിതം, ''മനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കി ക്കൊടുക്കും' എന്നു ദൈവം പറഞ്ഞു (വാ. 18). ദൈവം ആദാമിനു മുന്നില്‍ കൊണ്ടുവന്ന സൃഷ്ടികളൊന്നുംആ വിവരണത്തിന് അനുയോജ്യമായിരുന്നില്ല. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് നിര്‍മ്മിച്ച ഹവ്വയില് മാത്രമാണ് ആദാമിന് അനുയോജ്യമായ ഒരു സഹായിയെയും കൂട്ടാളിയെയും കണ്ടെത്തിയത് (വാ. 19-24).
ഹവ്വാ ആദാമിന്റെ തികഞ്ഞ കൂട്ടാളിയായിരുന്നു, അവരിലൂടെ ദൈവം വിവാഹം ആരംഭിച്ചു. ഇത് വ്യക്തികളുടെ പരസ്പര സഹായത്തിന് മാത്രമല്ല, ഒരു കുടുംബം ആരംഭിക്കുന്നതിനും സൃഷ്ടിയെ പരിപാലിക്കുന്നതിനും വേണ്ടിയുള്ളതാണ്, അതില്‍ മറ്റ് ആളുകളും ഉള്‍പ്പെടുന്നു (1:28). ആ ആദ്യ കുടുംബത്തില്‍ നിന്ന് ഒരു സമൂഹം വന്നു, അങ്ങനെ വിവാഹിതരോ അവിവാഹിതരോ വൃദ്ധരോ ചെറുപ്പക്കാരോ ആകട്ടെ, നമ്മളാരും തനിച്ചായിരിക്കുന്നില്ല. ഒരു സമൂഹമെന്ന നിലയില്‍ ''പരസ്പരം ഭാരം'' പങ്കുവെയ്ക്കാനുള്ള പദവി ദൈവം നമുക്കു നല്‍കിയിട്ടുണ്ട് (ഗലാത്യര്‍ 6:2).
ഓര്മ്മിക്കല്
സ്മാരക ദിനത്തില്‍ അനേക മുന്‍ സൈനികരെയും, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എന്റെ അച്ഛനെയും അമ്മാവന്മാരെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. അവര്‍ അതിനെ തങ്ങളുടെ ദൗത്യമായി കണ്ടു എങ്കിലും തങ്ങളുടെ രാജ്യസേവനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ദാരുണമായി നഷ്ടപ്പെട്ടു. എന്നിട്ടും, ചോദിക്കുമ്പോള്‍, എന്റെ അച്ഛനും ആ കാലഘട്ടത്തിലെ മിക്ക സൈനികരും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ശരിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ക്കായി അവരുടെ ജീവന് ത്യജിക്കാന്‍ തയ്യാറാണെന്ന് പറയും.
തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ആരെങ്കിലും മരിക്കുമ്പോള്‍, യോഹന്നാന് 15:13: 'സ്നേഹിതന്മാര്ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല'' എന്ന ഭാഗം അവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി ശവസംസ്കാര വേളയില്‍ പലപ്പോഴും വായിക്കാറുണ്ട്. എന്നാല്‍ ഈ വാക്യത്തിന്റെ പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു?
അവസാന അത്താഴ വേളയില്‍ യേശു ശിഷ്യന്മാരോട് ആ വാക്കുകള്‍ പറഞ്ഞപ്പോള്‍, അവന് മരിക്കാന്‍ പോവുകയായിരുന്നു. വാസ്തവത്തില്‍, അവന്റെ ചെറിയ ശിഷ്യഗണങ്ങളില്‍ ഒരുവനായ യൂദാ അവനെ ഒറ്റിക്കൊടുക്കാന്‍ പോയിക്കഴിഞ്ഞിരുന്നു (13:18-30). ക്രിസ്തുവിന് ഇതെല്ലാം അറിയാമായിരുന്നിട്ടും തന്റെ സുഹൃത്തുക്കള്‍ക്കും തന്റെ ശത്രുക്കള്‍ക്കും വേണ്ടി തന്റെ ജീവന് ത്യജിക്കുന്നതു തിരഞ്ഞെടുത്തു.
ഒരു ദിവസം തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും, അപ്പോഴും അവന്റെ ശത്രുക്കളായിരുന്നവര്‍ക്കുവേണ്ടിയും മരിക്കാന്‍ യേശു സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു (റോമര്‍ 5:10). അതിനു പകരമായി, അവന് തന്റെ ശിഷ്യന്മാരോട് (അന്നും ഇന്നും) താന്‍ സ്നേഹിച്ചതുപോലെ ''പരസ്പരം സ്നേഹിക്കാന്‍'' ആവശ്യപ്പെടുന്നു (യോഹന്നാന് 15:12). അവന്റെ വലിയ സ്നേഹം മറ്റുള്ളവരെ - സുഹൃത്തിനെയും ശത്രുവിനെയും ഒരുപോലെ - ത്യാഗപൂര്‍വ്വം സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
കഷ്ടങ്ങളില്‍ ബലം
1948-ല്‍, ഒരു അണ്ടര്‍ഗ്രൗണ്ട് സഭയുടെ പാസ്റ്ററായ ഹാര്‍ലന്‍ പോപോവിനെ ''ചെറിയ ചോദ്യം ചെയ്യലിനായി'' വീട്ടില്‍ നിന്ന് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം, അദ്ദേഹത്തെ രാപ്പകല്‍ ചോദ്യം ചെയ്യുകയും പത്തു ദിവസത്തേക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. ഒരു ചാരനാണു താനെന്ന ആരോപണം അദ്ദേഹം നിഷേധിച്ച ഓരോ തവണയും അദ്ദേഹത്തെ തല്ലി. പോപ്പോവ് കഠിനമായ പെരുമാറ്റത്തെ അതിജീവിക്കുക മാത്രമല്ല, സഹ തടവുകാരെ യേശുവിന്റെ അടുത്തേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍, പതിനൊന്ന് വര്‍ഷത്തിനുശേഷം, മോചിതനായി, രണ്ടുവര്‍ഷത്തിനുശേഷം, രാജ്യം വിടുവാന്‍ അനുവാദം ലഭിക്കുകയും അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുകയും സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ട രാജ്യങ്ങളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തു.
കാലാകാലങ്ങളിലായി യേശുവിലുള്ള അസംഖ്യം വിശ്വാസികളെപ്പോലെ, പോപ്പോവും വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെട്ടു. ക്രിസ്തു തന്റെ പീഡനത്തിനും മരണത്തിനും തുടര്‍ന്നു തന്റെ അനുയായികള്‍ക്കു വരാനിരിക്കുന്ന പീഡനങ്ങള്‍ക്കും വളരെ മുമ്പുതന്നെ പറഞ്ഞു, ''നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്്'' (മത്തായി 5:10). അവന് തുടര്‍ന്നു, ''എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്' (വാ. 11).
ഭാഗ്യവാന്മാര്? യേശു എന്താണ് അര്‍ത്ഥമാക്കുന്നത്? അവനുമായുള്ള ബന്ധത്തില്‍ കാണുന്ന സമ്പൂര്‍ണ്ണത, സന്തോഷം, ആശ്വാസം എന്നിവയെക്കുറിച്ചാണ് അവന് പരാമര്‍ശിച്ചത് (വാ. 4, 8-10). കഷ്ടതയുടെ നടുവിലും ദൈവസാന്നിദ്ധ്യം തന്നില്‍ ശക്തി പകരുന്നതായി പോപ്പോവ് മനസ്സിലാക്കിയപ്പോള്‍ അവന് ഉറച്ചുനിന്നു. നാം ദൈവത്തോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, നമുക്കും അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും. അവന് നമ്മോടൊപ്പമുണ്ട്.
പുനഃസമാഗമം
കൊച്ചുകുട്ടി ആവേശത്തോടെ തന്റെ പട്ടാളത്തിലുള്ള തന്റെ ഡാഡി അയച്ചുകൊടുത്ത ഒരു വലിയ പെട്ടി തുറന്നു; തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഡാഡി വീട്ടിലുണ്ടാവില്ലെന്ന് അവന് വിശ്വസിച്ചു. ആ പെട്ടിക്കുള്ളില്‍ മറ്റൊരു സമ്മാനം പൊതിഞ്ഞ പെട്ടി ഉണ്ടായിരുന്നു, ആ പെട്ടിക്കുള്ളില്‍ ''സര്‍പ്രൈസ്!'' എന്നെഴുതിയ ഒരു കടലാസ് കഷണം വെച്ചിരുന്നു. ആശയക്കുഴപ്പത്തിലായ ആ കുട്ടി മുകളിലേക്ക് നോക്കി - അവന്റെ ഡാഡി മുറിയിലേക്കു പ്രവേശിച്ച നിമിഷം തന്നെ. കണ്ണീരോടെ മകന് പിതാവിന്റെ കൈകളിലേക്ക് കുതിച്ചു, ''ഡാഡി, ഞാന്‍ അങ്ങയെ മിസ്സ് ചെയ്തു'', ''ഞാന്‍ ഡാഡിയെ സ്നേഹിക്കുന്നു!''
ആ കണ്ണുനീരണിഞ്ഞ സന്തോഷകരമായ പുനഃസമാഗമം എനിക്കു തരുന്ന ചിത്രം വെളിപ്പാട് 21-ല്‍ ദൈവത്തിന്റെ മക്കള്‍ തങ്ങളുടെ സ്നേഹവാനായ പിതാവിനെ മുഖാമുഖം കാണുന്ന മഹത്വകരമായ നിമിഷത്തെക്കുറിച്ചുള്ളതാണ് - പൂര്‍ണ്ണമായും പുതുക്കപ്പെട്ടതും പുനഃസ്ഥാപിക്കപ്പെട്ടതുമായ സൃഷ്ടിയില്‍. അവിടെ, (ദൈവം) നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീര് എല്ലാം തുടച്ചുകളയും.'' മേലില്‍ നമുക്ക് വേദനയോ ദുഃഖമോ അനുഭവപ്പെടുകയില്ല, കാരണം നാം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനൊപ്പമായിരിക്കും. വെളിപ്പാടു 21-ലെ ''മഹാ ശബ്ദം'' പ്രഖ്യാപിക്കുന്നതുപോലെ, ''ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവന് അവരോടുകൂടെ വസിക്കും'' (വാ. 3-4).
1 പത്രൊസ് 1:8 വിവരിക്കുന്നതുപോലെ, യേശുവിന്റെ അനുയായികള്‍ ഇതിനകം ദൈവത്തോടൊപ്പം ആസ്വദിക്കുന്ന ആര്‍ദ്രമായ സ്നേഹവും സന്തോഷവുമുണ്ട്: ''അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു˜നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കുകയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു.''എന്നിട്ടും നാം സ്നേഹിക്കുകയും അവിടുത്തെ തുറന്ന കരങ്ങളിലേക്ക് നമ്മെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്ത അവനെ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അവിശ്വസനീയവും കവിഞ്ഞൊഴുകുന്നതുമായ സന്തോഷം സങ്കല്‍പ്പിക്കുക!
എല്ലാവര്ക്കും മനസ്സലിവ് ആവശ്യമാണ്
ജീവന് യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായി കോളജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പ്രധാന ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു. ഒരു സെയില്സ്മാനെന്ന നിലയില്‍ അവന് യാത്ര ചെയ്തു; യാത്ര ചെയ്യുമ്പോള്‍ അവന് ആളുകളുടെ കഥകള്‍ കേട്ടു-അവയില്‍ മിക്കവയും ഹൃദയഭേദകമായിരുന്നു.തന്റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യം ഓയില്‍ അല്ല മനസ്സലിവ് ആണെന്ന് അവന് മനസ്സിലാക്കി. അവര്‍ക്ക് ദൈവത്തെ വേണമായിരുന്നു. ഇതു ജീവനെ ദൈവഹൃദയത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ഒരു ബൈബിള്‍ സെമിനാരിയിലേക്കു നയിക്കുകയും പിന്നീട് ഒരു പാസ്റ്ററായിത്തീരുകയും ചെയ്തു.
ജീവന്റെ മനസ്സലിവിന്റെ ഉറവിടം യേശുവായിരുന്നു. മത്തായി 9:27-33 ല്‍, രണ്ടു കരുടന്മാരുടെയും ഒരു ഭൂതഗ്രസ്തന്റെയും സൗഖ്യത്തിലേക്കു നയിച്ച യേശുവിന്റെ മനസ്സലിവിന്റെ ഒരു മിന്നൊളി നാം കാണുന്നു. അവന്റെ ആരംഭകാല ശുശ്രൂഷയിലുടനീളം അവന് സുവിശേഷം പ്രസംഗിച്ചും സൗഖ്യമാക്കിയും കൊണ്ട് 'പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു'' (വാ. 35). എന്തുകൊണ്ട്? 'അവന് പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട്
അവരെക്കുറിച്ച് മനസ്സലിഞ്ഞു'' (വാ. 36).
ഇന്ന് ലോകം രക്ഷകന്റെ സൗമ്യമായ കരുതല്‍ ആവശ്യമുള്ളവരായ തകര്‍ന്നവരും മുറിവേറ്റവരുമായ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ഇടയനെപ്പോലെ, തന്റെ അടുക്കലേക്കു വരുന്ന എല്ലാവര്ക്കും യേശു തന്റെ മനസ്സലിവു കാണിക്കുന്നു (11:28). ജീവിതത്തില്‍ നാം എവിടെ ആയിരുന്നാലും അനുഭവിക്കുന്നതെന്തായിരുന്നാലും അവനില്‍ നാം ആര്‍ദ്രതയും കരുതലും നിറഞ്ഞൊഴുകുന്ന ഒരു ഹൃദയം കണ്ടെത്തും. ദൈവത്തിന്റെ സ്നേഹമസൃണ മനസ്സലിവിന്റെ ഗുണഭോക്താവായി നാം മാറുമ്പോള്‍ അതു മറ്റുള്ളവരിലേക്കും പകരാതിരിക്കാന്‍ നമുക്കു കഴികയില്ല.
വെള്ളത്തെ പ്രത്യാശയാക്കുന്നു
ടോമിന്റെയും മാര്‍ക്കിന്റെയും ശുശ്രൂഷ ജീവിതങ്ങള്‍ക്കു പുതുക്കം വരുത്തുന്നതാണ്. ഇക്കാര്യങ്ങള്‍ അവര്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ നിന്നു വ്യക്തമാണ്. അതില്‍ ഒരു കൂട്ടം കുട്ടികള്‍ പൂര്‍ണ്ണമായ വസ്ത്രത്തോടുകൂടെ പൊതുസ്ഥലത്തെ ഒരു ഷവറിനു കീഴില്‍ നി്ന്ന് ചിരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതു കാണാം. ആദ്യമായിട്ടാണ് ആ കുട്ടികള്‍ ഒരു ഷവറിനു കീഴില്‍ നില്‍ക്കുന്നത്. ഹെയ്ത്തിയിലെ കിണറുകളില്‍ ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കാന്‍ പ്രാദേശിക സഭകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആ മനുഷ്യര്‍ മലിനജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കു തടയിട്ടുകൊണ്ട്് ജീവിതം സുഗമമാക്കുകയും ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിന്റെ ലഭ്യത ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്നു.
ഉന്മേഷത്തിന്റെ നിലയ്ക്കാത്ത ഉറവ എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് 'ജീവനുള്ള വെള്ളത്തെ'' യേശു യോഹന്നാന് 4 ല്‍ പരാമര്‍ശിക്കുന്നു. തളര്‍ന്നും ദാഹിച്ചുമിരുന്ന യേശു ശമര്യക്കാരിയായ ഒരു സ്ത്രീയോട് കുടിക്കാന്‍ ചോദിക്കുന്നു (വാ. 4-8). ഇത് ഒരു സംഭാഷണത്തിലേക്കു നയിക്കുകയും യേശു ആ സ്ത്രീക്ക് 'ജീവനുള്ള വെള്ളം'' വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (വാ. 9-15) - 'നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവു'' (വാ. 14) പോലെ അതില്‍ തന്നെ ജീവന്റെ സ്രോതസ്സും പ്രത്യാശയും ഉള്ള വെള്ളം.
'ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ'' എന്നും വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നും 'ജീവജലത്തിന്റെ നദികള്‍ ഒഴുകും'' എന്നും യേശു പറയുന്നതില്‍ നിന്നും ഈ ജീവനുള്ള വെള്ളം എന്താണെന്ന് യോഹന്നാനില്‍ പിന്നീട് നാം കാണുന്നുണ്ട്. 'ആത്മാവിനെക്കുറിച്ച് ആകുന്നു'' അവന് പറഞ്ഞത് എന്നു യോഹന്നാന് വിശദീകരിക്കുന്നു (7:37-39).
ആത്മാവിലൂടെ വിശ്വാസികള്‍ ക്രിസ്തുവില്‍ ഐക്യപ്പെടുകയും ദൈവത്തില്‍ ലഭ്യമാകുന്ന അളവില്ലാത്ത ശക്തിക്കും പ്രത്യാശയ്ക്കും സന്തോഷത്തിനും അര്‍ഹരാകുകയും ചെയ്യുന്നു. ജീവനുള്ള വെള്ളംപോലെ, ആത്മാവു വിശ്വാസികളുടെ ഉള്ളില്‍ വസിച്ച് നമുക്കു നവോന്മേഷം നല്‍കുകയും നമ്മെ പുതുക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥ സ്നേഹിതര്‍
മിഡില്‍ സ്കൂളില്‍ എനിക്ക് 'ചിലപ്പോഴൊക്കെ കൂട്ടുകാരിയായ'' ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ ചെറിയ സഭയിലെ കൂട്ടുകാരായിരുന്നു ഞങ്ങള്‍ (അവിടെ അവളുടെ പ്രായത്തില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു). കൂടെക്കൂടെ സ്കൂളിനു വെളിയില്‍ നടക്കാന്‍ പോകുമായിരുന്നു എങ്കിലും സ്കൂളില്‍ കഥ വ്യത്യസ്തമായിരുന്നു. അവള് ഒറ്റയ്ക്കാണെങ്കില്‍ അവള് ഹലോ പറയും; അതും അടുത്തെങ്ങും ആരുമില്ലെങ്കില്‍ മാത്രം. ഇതു മനസ്സിലാക്കി, സ്കൂള്‍ ഭിത്തിക്കുള്ളില്‍ വെച്ച് അവളുടെ ശ്രദ്ധ നേടാന്‍ ഞാന്‍ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെ പരിമിതി എനിക്കറിയാമായിരുന്നു.
നിരാശാജനകമാംവിധം ഏകപക്ഷീയമായതോ ഇടുങ്ങിയതോ ആയ സൗഹൃദങ്ങളുടെ വേദന നമ്മിലെല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റൊരു തരം സൗഹൃദമുണ്ട്-എല്ലാ അതിരുകളുടെയും അപ്പുറത്തേക്കു നീളുന്ന ഒന്ന്. നമ്മോടൊപ്പം ജീവിത യാത്ര പങ്കുവയ്ക്കാന്‍ സമര്‍പ്പിതരായ സമാന മനസ്കരായ ആളുകളുമായുള്ള സൗഹൃദമാണത്.
അത്തരത്തിലുള്ള സ്നേഹിതരായിരുന്നു ദാവീദും യോനാഥാനും. യോനാഥാന്റെ മനസ്സ് ദാവീദിനോടു പറ്റിച്ചേര്‍ന്നിരുന്നു, യോനാഥാന് അവനെ 'സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു' (1 ശമൂവേല്‍ 18:1-3). തന്റെ പിതാവായ ശൗലിന്റെ മരണശേഷം ഭരണം നടത്തേണ്ടവനായിരുന്നു യോനാഥാന് എങ്കിലും, ശൗലിനു പകരമായി ദൈവം തിരഞ്ഞെടുത്ത ദാവീദിനോട് അവന് കൂറു പുലര്‍ത്തി. അവനെ കൊല്ലുവാന്‍ ശൗല്‍ ഒരുക്കിയ രണ്ടു പദ്ധതികളെ ഒഴിഞ്ഞുപോകുവാന്‍ പോലും യോനാഥാന് ദാവീദിനെ സഹായിച്ചു (19:1-6: 20:1-42).
എല്ലാവിധ തടസ്സങ്ങളും ഉണ്ടായിട്ടും സദൃശവാക്യങ്ങള്‍ 17:17 ലെ 'സ്നേഹിതന് എല്ലാക്കാലത്തും സ്നേഹിക്കുന്നു'' എന്ന സത്യത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് യോനാഥാനും ദാവീദും സ്നേഹിതന്മാരായി തുടര്‍ന്നു. അവരുടെ വിശ്വസ്തമായ സൗഹൃദം, ദൈവത്തിനു നമ്മോടുള്ള സ്നേഹബന്ധത്തിന്റെ ഒരു അല്പദര്ശനം നമുക്കു നല്കുന്നു (യോഹന്നാന് 3:16; 15:15). അവരുടേതുപോലെയുള്ള സൗഹൃദങ്ങളിലൂടെ ദൈവസനേഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ആഴമുള്ളതായി മാറുന്നു.
തിരിഞ്ഞ് ഓടുക
സുന്ദരിയും മിടുക്കിയും കഴിവുകളുള്ളവളും സ്നേഹമുള്ള മാതാപിതാക്കളുടെ മകളുമായ കൗമാരക്കാരിയായിരുന്നു ആലി. എന്നാല്‍ ഹൈസ്കൂളിനുശേഷം എന്തോ അവളെ ഹെറോയിന്റെ അടിമയാക്കി. അവളിലെ വ്യത്യാസം ശ്രദ്ധിച്ച മാതാപിതാക്കളോട് അത് അവളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്് തുറന്നു പറയുകയും അവര്‍ അവളെ പുനരധിവാസ കേന്ദ്രത്തിലേക്കയക്കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം, തന്റെ കൂട്ടുകാരോട് ഹെറോയിന്‍ ഉപയോഗത്തെക്കുറിച്ച് അവള് എന്തു പറയും എന്നു ചോദിച്ചപ്പോള്‍ അവള് പറഞ്ഞു, 'തിരിഞ്ഞ് ഓടുക.' കേവലം ഇല്ല എന്നു പറയുന്നതു മതിയാകയില്ല എന്നാണവള്‍ പറഞ്ഞത്.
ദുഃഖകരമെന്നു പറയട്ടെ, ആലി ആസക്തിയിലേക്കു വീണ്ടും വഴുതി വീഴുകയും ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഓവര്‍ഡോസ് മൂലം മരിക്കുകയും ചെയ്തു. ഹൃദയം തകര്‍ന്ന അവളുടെ മാതാപിതാക്കള്‍, അതേ വിധിയില്‍നിന്നു മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍, പ്രാദേശിക വാര്‍ത്താ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട്, മയക്കുമരുന്നില്‍നിന്നും സമാനമായ അപകടങ്ങളില്‍നിന്നും അകന്നുനിന്നുകൊണ്ട് 'ആലിക്കുവേണ്ടി ഓടുക' എന്ന് ശ്രോതാക്കളെ ആഹ്വാനം ചെയ്തു.
അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മിക മകനായ തിമൊഥെയൊസിനെ (നമ്മെയും) തിന്മയെ വിട്ടോടുവാന് ആഹ്വാനം ചെയ്യുന്നു (2 തിമൊഥെയൊസ് 2:22). സമാനമായി അപ്പൊസ്തലനായ പത്രൊസ് മുന്നറിയിപ്പു നല്‍കുന്നത്, 'നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു...വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി അവനോട് എതിര്‍ത്തു നില്പ്പിന് (1 പത്രൊസ് 5:8-9).
നമ്മിലാരും പരീക്ഷയ്ക്കതീതരല്ല. പലപ്പോഴും നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ നിന്നും അകന്നു നില്ക്കുക എന്നതാണ് - എപ്പോഴും അവയെ ഒഴിവാക്കാനാവില്ല എങ്കിലും. ബൈബിളില്‍ അടിസ്ഥാനപ്പെട്ടതും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തപ്പെട്ടതുമായ ദൈവത്തിലുള്ള ശക്തമായ വിശ്വാസത്താല്‍ നമുക്ക് തയ്യാറായിരിക്കുവാന്‍ കഴിയും. നാം വിശ്വാസത്തില്‍ ഉറച്ചു നില്ക്കുമ്പോള് എപ്പോഴാണ് തിരിഞ്ഞ് അവങ്കലേക്ക് ഓടിച്ചെല്ലേണ്ടത് എന്നു നാം അറിയും.
വിശ്വാസത്തിന്റെ പൈതൃകം
ബില്ലി ഗ്രഹാം തന്റെ പതിനാറാം വയസ്സില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രിസ്തുവിനോടുള്ള ഭക്തി വ്യക്തമായിരുന്നു. ഒരു വിശ്വാസ ഭവനത്തില്‍ ജനിച്ചുവളരുമ്പോഴാണ് അവര്‍ വിശ്വാസത്തിലേക്കു വന്നത്. വിവാഹത്തിനുശേഷം, തങ്ങളുടെ മക്കളെ സ്നേഹപുരസ്സരം വളര്‍ത്തുകയും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും തിരുവചനം വായിക്കുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്തുകൊണ്ട് ആ പൈതൃകം നിലനിര്‍ത്തി. ബില്ലിഗ്രഹാമിന്റെ മാതാപിതാക്കള്‍ അവനുവേണ്ടി ഇട്ട ഉറപ്പുള്ള അടിസ്ഥാനം, അവനെ വിശ്വാസത്തിലേക്കു കൊണ്ടുവരുവാനും പിന്നീട് ധൈര്യശാലിയായ സുവിശേഷകനായി വിളിക്കുവാനും ദൈവം ഉപയോഗിച്ച വളക്കൂറുള്ള മണ്ണായിരുന്നു.
അപ്പൊസ്തലനായ പൗലൊസിന്റെ യുവശിഷ്യനായിരുന്ന തിമൊഥെയൊസും ശക്തമായ ആത്മിക അടിത്തറയുടെ നേട്ടം അനുഭവിച്ചവനായിരുന്നു. പൗലൊസ് എഴുതി, ''ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു' (2 തിമൊഥെയൊസ് 1:5). ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കു തിമൊഥെയൊസിന്റെ ഹൃദയത്തെ ഒരുക്കുന്നതിനും തിരിക്കുന്നതിനും ഈ പൈതൃകം സഹായിച്ചു.
നമുക്കു ശക്തി നല്കുന്ന പരിശുദ്ധാത്മാവിലൂടെ (വാ. 6-7) അവന്റെ ഉള്ളില്‍ ഉള്ള 'ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിച്ചുകൊണ്ട്' (വാ. 6) ഈ പൈതൃകം നിലനിര്‍ത്താന്‍ പൗലൊസ് തിമൊഥെയൊസിനെ ആഹ്വാനം ചെയ്യുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ തിമൊഥെയൊസിന് സുവിശേഷത്തിനുവേണ്ടി ഭയമില്ലാതെ ജീവിക്കാന്‍ കഴിയും (വാ. 8). ഒരു ശക്തമായ ആത്മിക പൈതൃകം നാം വിശ്വാസത്തിലേക്കു വരുമെന്നതിന്റെ ഉറപ്പല്ല, എങ്കിലും മറ്റുള്ളവരുടെ മാതൃകയും വഴികാട്ടലും അതിനുള്ള വഴി ഒരുക്കാന്‍ സഹായിക്കും. നാം യേശുവിനെ രക്ഷകനായി സ്വീകരിച്ചുകഴിയുമ്പോള്‍ ആത്മാവു നമ്മെ ശുശ്രൂഷയിലും അവനുവേണ്ടി ജീവിക്കുന്നതിലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
ഒരു ശ്വാസം മാത്രം
ബോബിയുടെ ആകസ്മിക മരണം, മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചു. മഞ്ഞു വീണു കിടന്ന റോഡിലുണ്ടായ അപകടം എന്റെ ബാല്യകാല സുഹൃത്തിന്റെ ജീവനപഹരിച്ചപ്പോള്‍ അവള്‍ക്ക് ഇരുപത്തി നാലു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. തകര്‍ന്ന കുടുംബത്തില്‍ വളര്‍ന്ന അവള് അടുത്ത കാലത്താണ് ചുവടുറപ്പിച്ചു മുന്നേറാനാരംഭിച്ചത്. യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായ അവളുടെ ജീവിതം എങ്ങനെയാണ് ഇത്ര വേഗം അവസാനിച്ചത്?
ചിലപ്പോള്‍ ജീവിതം തീരെ ഹ്രസ്വവും ദുഃഖം നിറഞ്ഞതുമായി തോന്നും. സങ്കീര്‍ത്തനം 39 ല്‍ സങ്കീര്‍ത്തനക്കാരനായ ദാവീദ് തന്റെ സ്വന്ത കഷ്ടതയില്‍ വിലപിച്ചു കൊണ്ടു പറയുന്നു,…